ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് 20000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾ

Chinese goods worth Rs 20K Cr lying at ports

ഇലക്ട്രിക്‌ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ പാദരക്ഷകൾ എന്നിവ ഉൾപെടെ ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങള്‍. ഇനി വരുന്ന രണ്ടു മൂന്ന് മാസങ്ങളിലായി ഉത്പന്നങ്ങളുടെ വരവ് കൂടുതലായിരിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ മുതൽ ഡിസംബർ വരെ ഓർഡർ നൽകിയ ഉത്പന്നങ്ങളാണ് ഇപ്പോൾ തുറമുഖങ്ങളിലെത്തി കാത്തു കിടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഫെബ്രുവരി വരെ ചൈനീസ് അതിർത്തികൾ അടച്ചിട്ടിരുന്നു. അതിനു ശേഷം ഇന്ത്യയിൽ ലോക്ഡൌൺ ആരംഭിച്ചു. ഇതോടെ ഇറക്കുമതി ചെയ്യാൻ കഴിയാതെ വന്ന ഉത്പന്നങ്ങളാണ് ഇപ്പോൾ എത്തി കൊണ്ടിരിക്കുന്നതെന്നും പ്രവീൺ ഖാണ്ഡേൽവാൾ വ്യക്തമാക്കി. അതേസമയം മാർച്ചിനു ശേഷം വ്യാപാരികൾ പുതിയ ഓർഡറുകൾ നൽകുന്നത് കുറച്ചതായും അദ്ദേഹം പറഞ്ഞു. ഏപ്രിൽ- ഓഗസ്റ്റ് കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2158 കോടി ഡോളറിന്റേതാണെന്നാണ് ഔദ്യോഗിക കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 27.63 ശതമാനം കുറവാണിത്.

ചൈനയിൽ നിന്ന് വിലകുറഞ്ഞ ഇലക്ട്രിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ ഗിഫ്റ്റുകൾ കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി കുറച്ചു കൊണ്ടു വരുന്നതിനായി ഇന്ത്യ ശ്രമിക്കുന്നുണ്ട്. പകരം വിയറ്റ്നാം, തായ്വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നും ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കരാറുണ്ടാക്കുന്നതിനായി ചർച്ചകൾ നടക്കുകയാണ്. ഇതോടൊപ്പം ഇന്ത്യയിൽ ഇവയുടെ ഉത്പാദനം ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Content Highlights; Chinese goods worth Rs 20K Cr lying at ports