ജാർഖണ്ഡിൽ പശുവിനെ അറുത്തെന്ന് ആരോപിച്ച് ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയും തലമൊട്ടയടിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തതായി പരാതി. സെപ്റ്റംബർ 16നാണ് സംഭവം നടക്കുന്നതെങ്കിലും ഇന്നലെയാണ് പുറത്തറിയുന്നത്. ജില്ലാ പഞ്ചായത്തംഗവും സമൂഹ്യ പ്രവർത്തകനുമായ നീൽ ജസ്റ്റിൻ ബെെക്ക് എന്നയാളാണ് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. ഏഴ് പേരാണ് ഇവരുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒമ്പത് പ്രതികളിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
പശുക്കളെ അറക്കുന്നുന്നത് കണ്ടെന്ന് അടുത്ത ഗ്രാമത്തിലെ ഒരാൾ പറയുന്ന വ്യാജ വീഡിയോ കാണിച്ച് ക്രിസ്ത്യൻ ഗോത്ര വിഭാഗത്തിൽ പെട്ട അഞ്ച് പേരെയും അര കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ജയ് ശ്രീരാം എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അവിടെ മരത്തിനടിയിൽ പിടിച്ചിരുത്തി തല മൊട്ടയടിക്കുകയും ചെയ്തുവെന്ന് ഇവർ പറയുന്നു. തുടര്‍ന്ന് ഗോവധം ആരോപിച്ച് അക്രമികള്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
content highlights: tribal Christians tonsured and forced to chant Jai Shri Ram in Jharkhand