ഇന്ത്യയിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോക ജനതയുടെ നന്മയ്ക്കായി അവ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍, ഇന്ന് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും’ എന്നും പ്രധാന മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ട്രയല്‍ പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്നും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതല്‍ പരീക്ഷണങ്ങള്‍ സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
വാക്‌സിന്‍ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ 150 ഓളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights; Modi offers India’s COVID-19 vaccine capacity to ‘all humanity’


