അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാൻ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കർണാടക കോടതിയിൽ അപേക്ഷ നൽകും. കൊച്ചി ബ്യൂട്ടി പാർലർ കേസ് അടക്കം ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പൂജാരിയെ കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുന്നത്.
നടി ലീന പോളിൻ്റെ ഉടമസ്ഥതയിലുള്ള കൊച്ചി പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ 2018 ഡിംസംബറിലാണ് വെടിവയ്പ്പ് നടക്കുന്നത്. രവി പൂജാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. ഇത് കൂടാതെ രവി പൂജാരിയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ കൂടി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രവി പൂജാരി സെനഗലിൽ കഴിയുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സെനഗൽ ഇയാളെ നാടുകടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇയാൾ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇയാളെ ഇൻ്റർപോൾ പിടികൂടി ഇന്ത്യക്ക് കെെമാറുന്നത്. ഭീകര വിരുദ്ധ സ്ക്വാഡാണ് ഈ കേസുകൾ അന്വേഷിക്കുന്നത്. നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരിയെ പാർപ്പിച്ചിരിക്കുന്നത്.
content highlights: Anti-terrorist squad trying to bring Ravi pujari to Kerala for questioning


