ന്യൂഡല്‍ഹി: 1992 ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി ഇന്ന്. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറയുക. ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായി വിചാരണ നടത്തി വന്നിരുന്ന കേസില്‍ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ഇന്ന് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റിയാണ് അവസാനവട്ടവാദം കേട്ടത്. അജ്ഞാതരായ കര്‍സേവ പ്രവര്‍ത്തെകര്‍ക്കെതിരായ വാദങ്ങള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ റായ്ബറേലിയിലുമാണ് വാദം കേട്ടത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് പല തവണ സമയം നീട്ടി നല്‍കുകയായിരുന്നു.
ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവര്‍ കേസിനിടെ അന്തരിച്ചിരുന്നു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എം.പി.) ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റമാണ് സുപ്രീംകോടതി 2017ല്‍ പുനഃസ്ഥാപിച്ചത്.
Content Highlights: Babri Masjid Demolition case verdict