നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യ ബന്ധന മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി.

48.13 കോടി രൂപാ ചെലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള മഞ്ചേശ്വരം തുറമുഖം പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് പൂര്‍ത്തീകരിച്ചത്. മഞ്ചേശ്വരത്തെയും സമീപപ്രദേശങ്ങളിലെയും പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാക. ഈ ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പ്രതിവര്‍ഷം 250 കോടി രൂപാ വിലമതിക്കുന്ന പതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

63.99 കോടി രൂപാ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ തന്നെയാണ് കൊയിലാണ്ടി തുറമുഖവും നിര്‍മിച്ചിട്ടുള്ളത്. കൊയിലാണ്ടിയിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന പത്തൊമ്പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുപാട് സഹായകരമാകുന്ന പദ്ധതിയാണിത്. മണ്‍സൂണ്‍ കാലത്തെ പ്രതികൂല കാലാവസ്ഥയില്‍പ്പോലും മത്സ്യബന്ധനം നടത്താനും കടല്‍ പ്രക്ഷുബ്ധമാകുന്ന അവസരങ്ങളില്‍ യാനങ്ങള്‍ സുരക്ഷിതമായി നങ്കൂരമിടാനും ഇത് അവസരമൊരുക്കും. ഈ ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പ്രതിവര്‍ഷം 500 കോടി രൂപാ വിലമതിക്കുന്ന ഇരുപതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി തത്സമയമാണ് മുഖ്യമന്ത്രി തുറമുഖങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

Content Highlight: CM Kerala Inaugurates Manjeswaram, Koyilandi Fishing Harbors