എച്ച്ഐവിയിൽ നിന്ന് മുക്തമായ ആദ്യ വ്യക്തി തിമോത്തി റേ ബ്രൌൺ ക്യാൻസർ രോഗ ബാധ മൂലം മരിച്ചു. 5 മാസമായി കാലിഫോർണിയയിലെ ആശുപത്രിയിൽ രക്താർബുദ ചികിത്സയിലായിരുന്ന ബ്രൌൺ വ്യത്യസ്തമായ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും രോഗത്തെ അതിജീവിക്കാൻ സാധിച്ചില്ല. രക്താർബുദ ബാധയെ തുടർന്നാണ് മരിച്ചതെന്ന് അന്താരാഷ്ട്ര എയ്ഡ് സൊസേറ്റി (ഐഎഎസ്) വ്യക്തമാക്കി. നേരത്തെ എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന എച്ച്ഐവി വൈറസ് മുക്തനായ തിമോത്തി മെഡിക്കൽ രംഗത്തെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
എച്ച്ഐവി ബാധയെ തുടർന്ന് ആശങ്കയിലായ ലോകത്തെ ജനങ്ങൾക്ക് മുന്നിൽ പ്രതീക്ഷയുടെ അടയാളമായിട്ടായിരുന്നു തിമോത്തി റേ അറിയപെട്ടിരുന്നത്. 1995 ലായിരുന്നു ബ്രൌണിന് എച്ച്ഐവി ബാധിച്ചത്. 2006 ൽ രക്താർബുദവും ബാധിച്ചു. 2008 ൽ രണ്ട് രോഗങ്ങളിൽ നിന്നും മുക്തി നേടിയെങ്കിലും അർബുദം അദ്ദേഹത്തെ കീഴടക്കുകയായിരുന്നു. എച്ച്ഐവി മുക്തമായെങ്കിലും ആദ്യ ഘട്ടത്തില്‍ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ‘ബെർലിൻ പേഷ്യന്റ്’ എന്നായിരുന്നു തിമോത്തി അറിയപെട്ടിരുന്നത്. പിന്നീട് അദ്ദേഹം തന്നെയാണ് സ്വയം വെളിപെടുത്തലുമായി രംഗത്തെത്തിയത്.
Content Highlights; The first known person to be cured of HIV has died of cancer