സൗദിയിൽ പുതിയ പ്രതിപക്ഷ പാർട്ടി രൂപികരിച്ച് പ്രവാസികൾ. നാഷണൽ അസംബ്ലി പാർട്ടിയെന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. സൗദി അറേബ്യൻ രാജഭരണത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ രണ്ടാം ചരമവാർഷികത്തിലാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്. ജനാധിപത്യ സർക്കാരിനായി ജനങ്ങളുടെ പിന്തുണ തേടുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി പ്രഖ്യാപനം.
അതേസമയം പാർട്ടി നേതാക്കൾക്കതിരെ വധഭീഷണി ഉൾപ്പെടെ ഉയർന്നതായി പാർട്ടി സഹസ്ഥാപകൻ മാദവി അൽ റഷീദ് പറഞ്ഞു. ജനാധിപത്യം, രാഷ്ട്രീയ പാർട്ടി എന്നിങ്ങനെ നിരോധിക്കപ്പെട്ട വാക്കുകൾ പ്രചരിപ്പിച്ചതിന് തലവെട്ടും എന്നുൾപ്പെടെയുള്ള ഭീഷണികൾ വന്നിരുന്നു. സൗദി ആധുനികവത്കരണത്തിൻ്റ പാതയിലാണെന്ന സൗദി കീരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ വാദങ്ങളിലെ പൊരുത്തക്കേടുകൾ തുറന്നുകാട്ടാൻ നാഷണൽ അസംബ്ലി പാർട്ടിക്ക് കഴിയുമെന്ന് മാദവി അൽ റഷീദ് വ്യക്തമാക്കി.
വാഷിങ്ടൺ പോസ്റ്റിലെ മാധ്യമ പ്രവർത്തകനായിരുന്ന ഖഷോഗി 2018 ഒക്ടോബർ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെടുന്നത്. ഖഷോഗിയെ കോൺസുലേറ്റിനുള്ളിലുണ്ടായിരുന്ന 15 അംഗ സംഘം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വെട്ടിനുറുക്കുകയായിരുന്നുവെന്നാണ് തുർക്കി അധികൃതർ പറയുന്നത്.
content highlights: Saudi Expatriates Launch Opposition Party On Jamal Khashoggi’s Death Anniversary