യുപിയിലെ ഹത്രസില്‍ ദളിത് യുവതി മരണപ്പെട്ട പശ്ചാത്തലത്തില്‍, പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്ന ആവശ്യവുമായി ഭീം ആര്‍മിമേധാവി ചന്ദ്രശേഖര്‍ ആസാദ് രംഗത്ത്. പ്രത്യേകാവകാശങ്ങളില്ലാത്ത ജനവിഭാഗത്തിനു തോക്ക് ലൈസന്‍സും സബ്‌സിഡിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപെട്ടു. പൗരന്മാര്‍ക്കു സ്വയം പ്രതിരോധിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്ന് ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി.
‘രാജ്യത്തെ 20 ലക്ഷം ദലിത്, പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സര്‍ക്കാര്‍ 50% സബ്‌സിഡി നല്‍കണം. ഞങ്ങള്‍ സ്വയം പ്രതിരോധിക്കും’- ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു. ഗണ്‍ ലൈസന്‍സ് ഫോര്‍ ബഹുജന്‍ എന്ന ഹാഷ്ടാഗോടെയായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം. ഹത്രാസ് സംഭവത്തില്‍ യുപി പൊലീസിനും ജില്ലാ ഭരണകൂടത്തിനും എതിരെ പ്രതിഷേധം രൂക്ഷമായ വേളയിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Content Highlights; Amid Outrage Over Hathras Rape, Bhim Army Chief Demands Gun License for Community