ചുരം കയറാതെ നേരെ വയനാട്ടിലേക്ക്; ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

മേപ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ചുരം കയറാതെയുള്ള ബദല്‍ മാര്‍ഗവുമായി സംസ്താന സര്‍ക്കാര്‍. നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാതയാണ് സര്‍ക്കാര്‍ പദ്ധതിയിലുള്ളത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും.

മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകും. മന്ത്രി ടി.എം. തോമസ് ഐസക് പങ്കെടുക്കും. കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രാദേശികമായി രാവിലെ പത്തിന് പരിപാടി നടത്തും. പദ്ധതിയുടെ വിശദ പഠനവും നിര്‍മാണവും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തുന്നത്. സര്‍വേ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കി കേന്ദ്ര അനുമതിക്കായി സമര്‍പ്പിക്കും. തുരങ്കപാതയുടെ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷംകൊണ്ട് തുരങ്കം പൂര്‍ത്തിയാക്കാനാകും.

വയനാട്ടിലേക്കുള്ള തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. പ്രോജക്ട് ലോഞ്ചിങ് ഇന്ന് നടക്കും….

Gepostet von Chief Minister's Office, Kerala am Sonntag, 4. Oktober 2020

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് തടയുകയാണ് തുരങ്ക പാതയുടെ പ്രധാന ലക്ഷ്യം. തുരങ്ക പാത സാധ്യമാകുന്നതോടെ കൊച്ചി-ബെംഗളൂരു യാത്രയുടെ ദൈര്‍ഖ്യം കുറയും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്ക പാതയാവും ഇത്.

16 കിലോമീറ്ററാണ് പാതയുടെ മൊത്തം ദൈര്‍ഖ്യം. നിലവില്‍ 85 കിലോമീറ്ററാണ് കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ദൂരം. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ അത് 54 കിലോമീറ്ററായി കുറയും. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, തുരങ്കപ്പാത കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. യാതൊരു വിധ മനുഷ്യന്റെ ഇടപെടലുകളും പാടില്ലെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്ന പ്രദേശമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlight: CM Inaugurates Anakkampoyil-Kalladi-Meppadi corridor