ന്യൂഡല്‍ഹി: ഹത്രാസില്‍ അതിക്രൂര പീഡനത്തിനരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക സത്യാഗ്രഹ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടിഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കളടക്കം സത്യഗ്രഹത്തില്‍ പങ്കുചേരണമെന്നാണ് എഐസിസി നിര്‍ദ്ദേശം.
ഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് മുന്നില്‍ നിശബ്ദ സമരത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം തന്നെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിയും, ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം, ഹത്രാസ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് നേതാക്കള്‍ സത്യാഗ്രഹം നടത്തും. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അഞ്ചു പേരടങ്ങുന്ന സംഘങ്ങളായാണ് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത്.
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന് എന്നിവരുടെ നേതൃത്വത്തിലാണ് സമരം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന മുല്ലപ്പളളി രാമചന്ദ്രന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക.
Content Highlight: Congress to start hunger strike on Hathras case