സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം. സ്‌പെയ്‌സ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

സ്വപ്‌നയും ശിവശങ്കറും തമ്മില്‍ നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയതായും ഇഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ വിശ്വസ്തയായിരുന്നതിന്റെ പേരിലാണ് സ്വപ്നക്ക് നിയമനം ലഭിച്ചതെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും സ്വപ്‌നയും ശിവശങ്കറും അഞ്ചോ ആറോ തവണ കൂടിക്കാഴ്ച്ച നടത്തിയതായും ഇഡി സൂചിപ്പിച്ചു.

സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വപ്നയും സരിത്തും സന്ദീപും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: Swapna’s placement was with the consent of Chief Minister says ED