മഹിളാ മന്ദിരത്തിൽ അമ്മയ്ക്കൊപ്പം താമസിക്കാവുന്ന കുട്ടികളുടെ പ്രായപരിധി ഉയർത്തി

raised the age limit for children in Mahila Mandiram 

സംസ്ഥാനത്തെ മഹിളാ മന്ദിരത്തിൽ അമ്മയ്ക്കോപ്പം താമസിക്കാവുന്ന കുട്ടികളുടെ പ്രായപരിധി ഉയർത്തി ഉത്തരവ് ഇറക്കി. കുട്ടികളുടെ പ്രായപരിധി ആറിൽ നിന്ന് 10 വയസ് ആക്കിയാണ് ഉയർത്തിയത്. സർക്കാരിന് കീഴിലുള്ള 12 മഹിളാ മന്ദിരങ്ങളിൽ ഇത്തരത്തിൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ അറിയിച്ചു. നേരത്തെ കുട്ടികളുമായി സ്ഥാപനത്തിലെത്തുന്ന സ്ത്രീകൾക്ക് ആറ് വയസ് ആകുന്നതുവരെ കുട്ടികളെ കൂടെ താമസിപ്പിക്കാനാണ് അനുവാദം ഉണ്ടായിരുന്നത്. എന്നാൽ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമാണ്. 

പതിമൂന്നാം കേരള നിയമസഭാ സമിതിയുടെ ഒന്നാമത്തെ റിപ്പോർട്ടിലും മഹിളാ മന്ദിരത്തിൽ അമ്മമാരോടൊപ്പം താമസിച്ചുവരുന്ന കുട്ടികളുടെ പ്രായപരിധി 10 വയസായി ഉയർത്തണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വിധവകളായവർ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ദുരിതബാധിതരും അഗതികളുമായ 13 വയസിന് മുകളിലുള്ള പെൺകുട്ടികൾ, സ്ത്രികൾ എന്നിവരെയാണ് മഹിളാ മന്ദിരത്തിൽ പ്രവേശിപ്പിക്കുന്നത്. 

content highlights: raised the age limit for children in Mahila Mandiram