തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഡിഎഫ് നിര്‍ത്തി വെച്ച പ്രത്യക്ഷ സമരങ്ങള്‍ പുനഃരാരംഭിച്ചു. മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചെന്ന് സമരത്തിന് നേതൃത്വം നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് നേതാക്കളുടെ സമരം.
സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആള്‍കൂട്ടം ഒഴിവാക്കി അഞ്ച് നേതാക്കന്മാര്‍ ചേര്‍ന്നാണ് പ്രതിഷേധ സമരം നടത്തുന്നത്. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി കൂടി അറിഞ്ഞാണെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ട് വന്നതോടെയാണ് നിര്‍ത്തി വച്ച സമരങ്ങള്‍ യുഡിഎഫ് പുനഃരാരംഭിച്ചത്.
മുഖ്യമന്ത്രിയെ കയ്യാമം വെച്ച് കൊണ്ടുപോകുന്നതിലും നല്ലത് മുഖ്യമന്ത്രി രാജി വെക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. പാര്‍ട്ടി രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ചേര്‍ന്ന യുഡിഎഫ് സബ് കമ്മിറ്റിയോഗത്തിന് ശേഷം പെട്ടെന്ന് പ്രകടനം നടത്താന്‍ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
Content Highlight: UDF restarts Direct Protest against Pinarayi Government