സമൂഹത്തിൽ വിഷം പരത്തുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ല; റിപ്പബ്ലിക് ടിവി ഉൾപെടെ മൂന്ന് ചാനലുകൾകളെ കരിമ്പട്ടികയിൽ ഉൾപെടുത്തി ബജാജ് എംഡി

Rajiv Bajaj says blacklisted three channels for advertising

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉൾപെടെ മൂന്ന് ടെലിവിഷൻ ചാനലുകൾ ടിആർപി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പോലീസിന്റെ വെളിപെടുത്തലിന് പിന്നാലെ നിലപാട് വ്യക്തമാക്കി പരസ്യ ദാതാക്കളും രംഗത്തെത്തി. സമൂഹത്തിൽ വിഷം വമിപ്പിക്കുന്ന ചാനലുകൾക്ക് പരസ്യം നൽകില്ലെന്നും അവയെ കരിമ്പട്ടികയിൽ ഉൾപെടുത്തിയെന്നുമാണ് ബജാജ് മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് വ്യക്തമാക്കിയത്.

സുദൃഢമായ ബ്രാൻഡ് ഉണ്ടാക്കിയെടുത്ത് അതിന്മേലാണ് ബിസിനസ്സ് പടുത്തുയത്തിയത്. ബിസിനസിൽ ബ്രാൻഡ് വളർത്തിയെടുക്കുന്നത് വളരെ പ്രധാനപെട്ടതാണ്. വ്യവസായം വളർത്തിയെടുക്കുക മാത്രമല്ല ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം സമബഹത്തിന്റെ നന്മയും വളരെ അത്യാവശ്യമാണെന്നും രാജീവ് ബജാജ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി ഉൾപെടെയുള്ള മൂന്ന് ചാനലുകളുടെ ടിആർപി തട്ടിപ്പിനെ കുറിച്ച് സിഎൻബിസി ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം. സമൂഹത്തിൽ വിഷം പരത്തുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് ബജാജ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.

ടെലിവിഷൻ റേറ്റിങിൽ കൃത്രിമം കാണിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റിപ്പബ്ലിക്‌ ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാൻ മുംബൈ പോലീസ് തീരുമാനിച്ചിട്ടുണ്ട്. റിപ്പബ്ലിക് ടിവിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകൾക്കെതിരെയാണ് ആരോപണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയതായും പോലീസ് അറിയിച്ചു. ഒരാളുടെ അക്കൌണ്ടിൽ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറിൽ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയതായി മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു.

Content Highlights; Rajiv Bajaj says blacklisted three channels for advertising