തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി കൈയേറ്റം ചെയ്ത സംഭവത്തില്‍ ചലചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ്. ഇന്നലെ കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മൂവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചത്.
പ്രതികള്‍ നിയമം കൈയിലെടുത്തെന്ന് കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളെ മോശമായി പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ കോടതിയെ സമീപിച്ചത്.
സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല പ്രതികളുടെ പ്രവര്‍ത്തിയെന്ന് ചൂണ്ടികാട്ടിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
Content Highlight: Bhagyalakshmi, Diya and Sreelakshmi absconding: Police








