പഞ്ചായത്ത് പ്രസിഡൻ്റായ ദളിത് സ്ത്രീയെ തറയിലിരുത്തി ജാതി വിവേചനം;  കേസെടുത്തു

Dalit panchayat chief in Cuddalore forced to sit on the floor, secretary suspended

തമിഴ്നാട്ടിൽ ദളിത് വിഭാഗത്തിൽപെട്ട പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ജാതിവിവേചനം. പഞ്ചായത്ത് യോഗങ്ങളിൽ ഉൾപ്പെടെ ദളിത് പഞ്ചായത്ത് പ്രസിഡൻ്റ് നിലത്തിരുന്നാൽ മതിയെന്നാണ് മേൽജാതിക്കാരായ വെെസ് പ്രസിഡൻ്റ് ഉൾപ്പെടെ മറ്റ് ആംഗങ്ങൾ നിർബന്ധിച്ചിരുന്നതെന്നാണ് പരാതി. തേർക്കുത്തിട്ടെെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായ രാജേശ്വരിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പഞ്ചായത്ത് വെെസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന ബോർഡ് മീറ്റിംഗിലാണ് രാജേശ്വരിയോട് തറയിൽ ഇരിക്കാൻ ആവശ്യപ്പെട്ടത്. രാജേശ്വരിയെ നിലത്ത് ഇരുത്തി പഞ്ചായത്തിൽ ചേർന്ന യോഗത്തിൻ്റെ ഫോട്ടോ ഉൾപ്പെടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.  

സംഭവം പുറത്തുവന്നതിന് പിന്നാലെ പഞ്ചായത്ത് വെെസ് പ്രസിഡൻ്റ് മോഹൻ രാജ് ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന വിരുദ്ധ നിയമ പ്രകാരം കേസെടുത്തു. വണ്ണിയാർ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഏകദേശം 500 ഓളം വണ്ണിയാർ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പട്ടിക ജാതി സമുദായത്തിലെ 100 കുടുംബങ്ങളും ഇവിടെയുണ്ട്. അതേസമയം ഇതാദ്യമായല്ല പഞ്ചായത്ത് യോഗങ്ങളിൽ തറയിൽ ഇരുത്തുന്നതെന്നും ഇതിനു മുമ്പും തന്നെ കസേരയിൽ ഇരിക്കാൻ അനുവദിച്ചിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

content highlights: Dalit panchayat chief in Cuddalore forced to sit on the floor, secretary suspended