ധോണിയുടെ കുടുംബത്തിന് നേരെ ഭീക്ഷണി; 16 കാരന്‍ പിടിയില്‍

റാഞ്ചി: ഐപിഎല്‍ 13-ാം സീസണിലെ കളി മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കും കുടുംബത്തിനും നേരെ ഭീക്ഷണിയുയര്‍ത്തിയ 16 വയസ്സുകാരന്‍ പിടിയില്‍. യുഎഇയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിയുടെ മോശം പ്രകടനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. അഞ്ച് വയസ്സുകാരി മകള്‍ സിവയ്ക്കടക്കം ഭീക്ഷണി ഉയര്‍ന്നതോടെ ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിന് ജാര്‍ഖണ്ഡ് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

ഗുജറാത്തിലെ മുന്ത്രയില്‍ നിന്നാണ് ധോണിയുടെ കുടുംബത്തിനെതിരെ ഭീക്ഷണി മുഴക്കിയ 16കാരനെ പൊലീസ് പിടികൂടിയത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇയാള്‍ ഭീക്ഷണി പോസ്റ്റ് ചെയ്തത്. ഇയാള്‍ തന്നെയാണ് ഭീക്ഷണി ഇന്‍ഡസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതെന്ന് സ്ഥിരീകരിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ റാഞ്ചി പൊലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.

ചൊവ്വാഴ്ച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വിയിലേക്ക് വീണതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ ധോണിക്കും കുടുംബത്തിനുമെതിരെ വിമര്‍ശനം കടുത്തത്. ബാറ്റിങില്‍ ധോണിയും കേദാര്‍നാഥും സ്വീകരിച്ച മെല്ലെപ്പോക്കാണ് തോല്‍വിക്ക് കാരണമായതെന്നാണ് ആരാധകരുടെ പക്ഷം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും തോല്‍വി സമ്മതിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ഇതിനിടെ ക്രിക്കറ്റിലെ മോശം പ്രകടനത്തില്‍ കുടുംബത്തിനെതിരെ ഭീക്ഷണി ഉയര്‍ത്തുന്നതിനെ വിമര്‍ശിച്ച് ജാര്‍ഖണ്ഡ് സ്റ്റേറ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റിനെ ഒരു വിനോദോപാധി മാത്രമായി കാണുന്നതാണ് ഉചിതം. അതിനപ്പുറത്തേക്കു പോയാല്‍ അപകടമാണെന്നും ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അസോസിയേഷന്‍ നിരീക്ഷിച്ചു.

ധോണിയുടെ ഫാം ഹൗസിന് ചുറ്റും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഫാം ഹൗസിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ സംശയകരമായ എല്ലാ നീക്കങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Content Highlight: 16-year-old Gujarat boy held for issuing threats against MS Dhoni’s daughter