മതമോ വിശ്വാസമോ പ്രകടിപ്പിക്കാന്‍ ആള്‍കൂട്ടത്തിന്റെ ആവശ്യമില്ല; ഉത്സവ കാലത്ത് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ ഉത്സവകാലത്തേക്കുള്ള മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ഉത്സവങ്ങളും ആഘോഷങ്ങളും നടത്തി ജീവിതം പ്രതിസന്ധിയിലാക്കണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ ഇന്ന് 71 ലക്ഷം കടന്നു. ദുര്‍ഗപൂജ, ദസറ, ദീപാവലി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്ന അവസരത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്. മതമോ വിശ്വാസമോ പ്രകടിപ്പിക്കാന്‍ വലിയ ആള്‍കൂട്ടത്തിന്റെ ആവശ്യമില്ലെന്നും വീട്ടിലിരുന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം വീട്ടില്‍ ഇരുന്ന് തന്നെ ഉത്സവം ആഘോഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ ഓണാഘോഷത്തിന് ശേഷം കൊവിഡ് കേസുകളിലെ നിരക്ക് ഉയര്‍ന്നതും മന്ത്രി ചൂണ്ടികാട്ടി. തണുപ്പ് കാലത്ത് കൊവിഡ് കേസുകള്‍ ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലും ഉത്സവങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ജനങ്ങളുടെ ചെറിയൊരു അശ്രദ്ധ കൊവിഡിന്റെ രണ്ടാം തരംഗത്തിന് കാരണമാകുമെന്നായിരുന്നു താക്കറെയുടെ മുന്നറിയിപ്പ്.

Content Highlight: Health Minister on Covid protocol amid festival seasons