ചലചിത്ര പുരസ്കാരം; മികച്ച നടൻ സുരാജ്, നടി കനി കുസൃതി, മികച്ച സംവിധായകനായി ലിജോ

Kerala Film awards 2020

50-ാമത് സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എ. കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്ന സിനിമകളിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച നടി കനി കുസൃതി. ചിത്രം ബിരിയാണി. ജെല്ലിക്കെട്ടിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധാകനായി. ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടൻ. കുമ്പളങ്ങി നെറ്റ്സ് എന്ന ചിത്രത്തിനാണ് ഫഹദിന് അവാർഡ് ലഭിച്ചത്. വാസന്തി മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.

മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറി മികച്ച രണ്ടാമത്തെ ചിത്രമായി. സ്വാസിക വിജയ് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് നേടി. മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും പ്രത്യേക ജ്യൂറി പരാമർശം കരസ്ഥമാക്കി. മികച്ച കുട്ടികളുടെ ചിത്രം നാനി. നജീം അർഷാദാണ് മികച്ച ഗായകൻ. ഗായിക മധുശ്രീ നാരായണൻ, മികച്ച സംഗീത സംവിധായകനായി സുഷിൻ ശ്യാമിനെ തെരഞ്ഞെടുത്തു. സുജേഷ് രവിക്കാണ് ഗാന രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. വാസുദേവ് സജേഷ് മാരാർ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി. മികച്ച ചിത്ര സംയോജകനുള്ള പുരസ്കാരം കിരൺ ദാസ് സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാൾ അർഹനായി. നടൻ വിനീത് കൃഷ്ണൻ ലൂസിഫർ, മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. 

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് ഡോ.പി.കെ രാജശേഖരന് ലഭിച്ചു സിനിമാശാലയും കേരളീയ പൊതുമണ്ഡലവും എന്ന ഗ്രന്ഥത്തിനാണ് അവാർഡ്. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അവാർഡിന് മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം എന്നിവ എഴുതിയ ബിപിന്‍ ചന്ദ്രന്‍ അർഹനായി.

content highlights: Kerala Film awards 2020