സ്വര്‍ണക്കടത്ത് കേസ്: പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് എഐഎ കോടതി. കേസിലെ എല്ലാ പ്രതികള്‍ക്കും യുഎപിഎ നിലനില്‍ക്കുമെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള എന്‍ഐഎ നിലപാട് തള്ളിയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളായ സ്വപ്‌ന സുരേഷും, പി എസ് സരിത്തും സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു.

പ്രതിപ്പട്ടികയില്‍ 7,12,13 സ്ഥാനങ്ങളിലുള്ള മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രധാന പ്രതികള്‍ക്ക് ജാമ്യം നല്‍കിയിട്ടില്ലെന്ന ആശ്വാസത്തിലാണ് അന്വേഷണ സംഘം. ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്ന പ്രതികള്‍ സ്വര്‍ണം വാങ്ങാന്‍ പണം നല്‍കുകയോ, നാട്ടില്‍ എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുകയോ ചെയ്തവരാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന വാദം കഴിഞ്ഞ ദിവസം എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. പ്രതികളില്‍ ഒരാളായ കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും ഇയാള്‍ ടാന്‍സാനിയയിലെ ഭീകരന്റെ കേന്ദ്രം സന്ദര്‍ശിച്ചിരുന്നെന്നുമാണ് വ്യക്തമാക്കിയിരുന്നത്. സ്വര്‍ണത്തിനു പുറമേ ആയുധങ്ങളും ലഹരിയും രത്‌നവും കടത്തുന്നതിന് ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ള വിവരവും ലഭിച്ചു.

Content Highlight: NIA Court allow bail to ten in Gold Smuggling case