സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍; വിമര്‍ശനവുമായി എം ടി രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് എം ടി രമേശ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സൗകര്യമൊരുക്കുന്നത് സര്‍ക്കാരാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ശിവശങ്കറിന്റെ ആശുപത്രി വാസം സര്‍ക്കാരിന്റെ തിരക്കഥയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിലേക്ക് വരെ ചോദ്യം ചെയ്യല്‍ നീണ്ട സാഹചര്യത്തില്‍ അതിന് മുകളിലേക്കും അന്വേഷണം ഉണ്ടാവുമെന്ന് രമേശ് പറഞ്ഞു. ആര്‍ക്കൊക്കെ ഇനിയും നെഞ്ച് വേദന വരുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചിയിലെ ഓഫീസിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കസ്റ്റംസിന്റെ നീക്കം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യാനിരിക്കെയാണ് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിവശങ്കറിനെ ആഞ്ചിയോഗ്രം പരിശോധനക്ക് വിധേയനാക്കി. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Content Highlight: M T Ramesh slams Kerala Government on Gold Smuggling case