സാമൂഹ്യമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരിക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോപോളിറ്റൻ കോടതിയാണ് നിർദേശം നൽകിയത്. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും വർഗീയ വിദ്വേഷം പരത്താനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് പരിശീലകനുമായ മുനവ്വർ അലി സയിദ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് കേസെടുക്കാൻ മുംബെെ പൊലീസിനോട് കോടതി നിർദേശിച്ചത്. ട്വിറ്റർ, അഭിമുഖങ്ങൾ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാണ് കങ്കണ മതസ്പർധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തിയത്. വിദഗ്ധർ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുംബെെയെ പാക് അധിനിവേശ കശ്മീരായും തൻ്റെ ഓഫീസ് പൊളിച്ച സർക്കാരിൻ്റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിൻ്റെ നടപടിക്ക് സമാനമായിരുന്നു എന്നും തുടങ്ങിയ വിവാദമായ നിരവധി പ്രസ്താവനകൾ കങ്കണ പറഞ്ഞിട്ടുണ്ട്.
content highlights: Mumbai court orders FIR against Kangana Ranaut, Rangoli Chandel for ‘offensive’ tweets