ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയുടെ നിര്‍മാണം നിര്‍ത്താന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: ബംഗളൂരുവില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെ രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ കപാലബേട്ടയില്‍ നിര്‍മാണത്തിലിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസിതു പ്രതിമയുടെ നിര്‍മാണം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. പ്രതിമ നിര്‍മാണത്തിനായി അനധികൃത ഭൂമി കൈവശപ്പെടുത്തിയെന്ന പൊതു താല്‍പര്യ ഹര്‍ജിയിലാണ് നടപടി. രണ്ട് രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥ താല്‍പര്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താനാണ് ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹാരോബെല ഗ്രാമത്തില്‍ നിലവില്‍ ഒരു പള്ളിയുണ്ടെന്നും മറ്റൊരു പള്ളിയുടെ ആവശ്യമില്ലെന്നും ഹര്‍ജിക്കാരായ അന്തോണി സ്വാമിയും മറ്റ് ഏഴ് പേരും പറയുന്നു. ഡി കെ ശിവകുമാര്‍, ഡി കെ സുരേഷ് എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതിമ നിര്‍മാണത്തിനായി പത്ത് ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടതെന്ന് ട്രസ്റ്റ് അപേക്ഷ നല്‍കിയതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റീസ് അശോക് എസ് കിനാ​ഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും സംസ്ഥാന സർക്കാരിനും ട്രസ്റ്റിനും നോട്ടീസ് നൽകുകയും ചെയ്തു. കനകപുരയിൽ 2000 ക്രിസ്ത്യാനികളാണുളളതെന്നും അവരിൽ 1500 പേർ നല്ലഹള്ളി, ഹരോബെല എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

കർണാടകയിലെ മുൻ കോൺ​ഗ്രസ് നേതാക്കളായ ഡികെ ശിവകുമാർ, ഡികെ സുരേഷ് എന്നിവരുടെ പേരുകളാണ് ഹർജിയിൽ പരാമർശിച്ചിരിക്കുന്നത്. ഇവർ ക്രൈസ്തവ സമുദായത്തിന്റെ നിർദ്ദേശമില്ലാതെ സ്വമേധയാ ആണ് ക്രിസ്തു പ്രതിമ നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു.

Content Highlight: Stop work on tallest Jesus statue, says Karnataka High Court