ചട്ടലംഘനം; കെ.എം. ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ്

Kozhikode corporation issued notice to km Shaji MLA to demolish his house

അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപറേഷൻ്റെ നോട്ടീസ്. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് വീട് നിർമ്മിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വീടും സ്ഥലവും ഇന്നലെ കോർപറേഷൻ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പ്ലാനിലെ അനുമതിയേക്കാൾ വിസ്തീർണം കൂട്ടി വീട് നിർമ്മിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് കോർപറേഷൻ്റെ നടപടി. 3200 ചതുരശ്രയടിക്കാണ് കോർപറേഷനിൽ നിന്ന് അനുമതി തേടിയത്. പക്ഷെ 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് അളന്നപ്പോൾ കണ്ടെത്തിയത്. 

മൂന്നാം നിലയിലാണ് അധികം നിർമാണം നടത്തിയതെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെ. എം. ഷാജി കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്സ്മെൻ്റ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോർട്ട് നൽകാൻ ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രമേശ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിന് സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ വേണ്ടിയാണ് വീടിൻ്റെ മതിപ്പ് വില, വിസ്തീർണം, പൂർത്തിയാക്കിയ പ്ലാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഇഡി ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 27ന് സമർപ്പിക്കും.

content highlights: Kozhikode corporation issued notice to km Shaji MLA to demolish his house