വാളയാർ കേസ്; പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താൻ പറഞ്ഞ കാര്യങ്ങൾ അല്ലെന്ന് പെൺകുട്ടികളുടെ അമ്മ

walayar case, new allegations against police

വാളയാർ കേസിൽ പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താൻ പറഞ്ഞ കാര്യങ്ങളല്ലെന്ന് പെൺകുട്ടികളുടെ അമ്മ. കേരള പൊലീസ് അന്വേഷിച്ചാൽ കേസ് അട്ടിമറിയ്ക്കാൻ സാധ്യതയുണ്ടെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിൽ തുടരന്വേഷണ സാധ്യത ഹെെക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രണ്ട് പൊലീസുകാർ അമ്മയുടെ മൊഴിയെടുത്തത്. പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥാരാണ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. 

മൂത്തകുട്ടി കൊല്ലപ്പെട്ടു എന്ന് അമ്മ മൊഴി നൽകിയപ്പോൾ മരിച്ചു എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞെങ്കിലും ഇതുൾക്കൊള്ളാതെയാണ് തൻ്റെ വാക്കുകൾ എഴുതിയെടുത്തതെന്നും അമ്മ പറഞ്ഞു. കേസിൽ സംശയമുള്ളവരുടെ പേരുകൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ അഞ്ച് പ്രതികൾക്ക് പുറമെ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും അയാളെ രക്ഷിക്കാനാണ് പിടിയിലായ അഞ്ച് പേരെയും വിട്ടയച്ചതെന്നും പെൺകുട്ടികളുടെ അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പൊലീസ് രേഖപ്പെടുത്തിയില്ലെന്നും അമ്മ പറഞ്ഞു. 

വാളയാർ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും വാദം കേൾക്കാൻ ഹെെക്കോടതി തയ്യാറായത്. 

content highlights: walayar case, new allegations against police