ചെക്ക് റിപ്പബ്ലിക്ക് ആരോഗ്യമന്ത്രി ആരോഗ്യവകുപ്പിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; മന്ത്രി സ്ഥാനം നഷ്ടമാകും

Czech health minister set to lose job after breaching his own Covid rules

ആരോഗ്യ വകുപ്പിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ചെക്ക് റിപ്പബ്ലിക്ക് ആരോഗ്യമന്ത്രി റൊമാൻ പ്രിമുലയ്ക്ക് മന്ത്രി സ്ഥാനം നഷ്ടമാകും. കൊവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രാഗിലെ ഒരു റസ്റ്റോറൻ്റിൽ പോയതാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ കാരണം. ലോക്ക് ഡൌൺ നിലവിൽ വന്ന് മണിക്കൂറുകൾക്കകമാണ് മന്ത്രി റസ്റ്റോറൻ്റിലെത്തിയത്. ബ്ലെസ്ക് എന്ന ടാബ്ലോയിഡാണ് ആരോഗ്യ മന്ത്രിയുടെ കൊവിഡ് പ്രോട്ടോകോൾ ലംഘനം ക്യാമറയിൽ പകർത്തിയത്. മാസ്കില്ലാതെ റസ്റ്റോറൻ്റിലെത്തിയ പ്രിമുലയുടെ ഫോട്ടോയാണ് ബ്ലെസ്ക് പുറത്തുവിട്ടത്.ചെക്ക് റിപ്പബ്ലിക്കിൻ്റെ കൊവിഡ് വിരുദ്ധ പ്രതിരോധ പരിപാടി ആസൂത്രണം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്യുന്നത് ഇദ്ദേഹമാണ്. കൂടാതെ ഇദ്ദേഹം പകർച്ചവ്യാധി വിദഗ്ധനും മെഡിക്കൽ ഡോക്ടറും കൂടിയാണ്.

റൊമാൻ പ്രിമുല രാജി വെച്ചില്ലെങ്കിൽ പുറത്താക്കുമെന്ന്  പ്രധാനമന്ത്രി ആന്ദ്രെ ബാബിസ് പറഞ്ഞിട്ടുണ്ട്. പുതിയ ആരോഗ്യ മന്ത്രിയെ ഉടൻ നിയമിച്ചേക്കും. അതേസമയം രാജി വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും റൊമാൻ പ്രിമുല പറഞ്ഞു. മന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്ന് പ്രാഗ് സിറ്റി കൌൺസിൽ അറിയിച്ചു. മുൻ ആർമി ഉദ്യോഗസ്ഥനായ പ്രിമുല കഴിഞ്ഞ മാസമാണ് ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്. 1.7 കോടി ജനസംഖ്യയുള്ള ചെക്ക് റിപ്പബ്ലിക്കിൽ 1.33 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 

content highlights: Czech health minister set to lose job after breaching his own Covid rules