യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യൻ എംബസി ഇടപെട്ടു; കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ച ഉടൻ

Indian embassy visited Nimisha Priya in Yemen Jail 

യെമനിൽ വധശിക്ഷയ്ക്കു വിധിച്ച് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദയാഹർജി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബവുമായി ഉടൻ ചർച്ച നടത്തും. 2017 ജൂലെെ 25നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ തലാലിൻ്റെ കെെയ്യിൽ നിന്ന് നിമിഷ സഹായം തേടിയിരുന്നു. 

എന്നാൽ സഹായത്തിൻ്റെ മറവിൽ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനായിരുന്നു തലാലിൻ്റെ ശ്രമം. വ്യാജരേഖകൾ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്തെന്ന് കാണിച്ച് നിമിഷയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പാസ്പോർട്ട് പിടിച്ചുവെച്ചതോടെ നിമിഷയ്ക്ക് നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങൾക്കൊടുവിലാണ് തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ അപ്പീൽ നൽകിയതിനെ തുടർന്ന് കോടതി വധശിക്ഷ മാറ്റിവെച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ നടക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തലാലിൻ്റെ കുടുംബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീർപ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവർത്തകരും ശ്രമിക്കുന്നത്.

content highlights: Indian embassy visited Nimisha Priya in Yemen Jail