അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എട്ട് ദിവസം കൂടി അവശേഷിക്കെ നേരത്തെ വോട്ട് ചെയ്തത് 6 കോടിയിലധികം ആളുകൾ

us presidential election 7 million voted early in texas

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിനായി ഇനി എട്ട് ദിവസം കൂടി ബാക്കി നിൽക്കെ നേരത്തെ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപെടുത്തിയിരിക്കുന്നത്. 6 കോടിയോളം ആളുകൾ ഇതിനോടകം വോട്ട് ചെയ്തു കഴിഞ്ഞു. നവംബർ മൂന്നിനാണ് അമേരിക്കയിലെ വോട്ടെടുപ്പ് തിയതി. പക്ഷേ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വോട്ടു ചെയ്യാനുള്ള നിയമമുണ്ട്. ഓരോ സംസ്ഥാനത്തും നേരത്തെയുള്ള വോട്ടിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. വോട്ട് രേഖപെടുത്തിയവരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉണ്ട്.

തപാൽ വോട്ടും സാധാരണ വോട്ടും മിക്ക സംസ്ഥാനങ്ങളും അംഗീകരിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ സെപ്തംബറിൽ വോട്ടെടുപ്പ് ആരംഭിച്ചു. നവംബറിൽ ആരംഭിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. അമേരിക്കയിൽ ഇത്തവണ 15 കോടിയാളുകളാണ് വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ മൂന്നിലൊന്നിലധികം ആളുകൾ ഇതിനോടകം വോട്ട് ചെയ്ത് കഴിഞ്ഞു. 2016 ൽ നേരത്തെ വോട്ടു ചെയ്ത ആകെ എണ്ണത്തെ ഇപ്പോൾ മറികടന്നു കഴിഞ്ഞു.

കൊവിഡ് ഭീതിയാണ് നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിനുള്ള പ്രധാന കാരണം. ഇതിലൂടെ നവംബർ മൂന്നിലെ തിരക്കൊഴിവാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ വോട്ടു ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകും. 65 വയസിന് മുകളിലുള്ള 63 ശതമാനം ആളുകളും നവംബർ മൂന്നിന് വോട്ട് രേഖപെടുത്തും. തപാൽ വോട്ടുകളടക്കം വർധിക്കുന്നത് തിരഞ്ഞെടുപ്പ് ഫലം വൈകാൻ ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Content Highlights; us presidential election 7 million voted early in texas