ബിടെക് കൂട്ട കോപ്പിയടി; 28 മൊബെെൽ ഫോണുകൾ പിടിച്ചെടുത്തു; വാട്സാപ്പ് ഗ്രൂപ്പിൽ 75 മാർക്കിൻ്റെ ഉത്തരങ്ങൾ

BTEC Exam copying: 28 mobile phones seized

സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ നടന്ന കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് 28 മൊബെെൽ ഫോണുകൾ പിടിച്ചെടുത്തു. നാല് കോളേജുകളിൽ നിന്നാണ് ഇത്രയും ഫോണുകൾ പിടിച്ചെടുത്തത്. 16 ഫോണുകൾ ഒരു കോളേജിൽ നിന്നും 10 ഫോണുകൾ മറ്റൊരു കോളേജിൽ നിന്നും ഓരോ ഫോൺ വീതം മറ്റ് രണ്ട് കോളേജിൽ നിന്നും കണ്ടെടുത്തു. ഇൻവിജിലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മൊബെെൽ ഫോൺ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്. മൊബെെൽ ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയ കുട്ടികൾ ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുകയായിരുന്നു. ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ 75 മാർക്കിൻ്റെ ഉത്തരങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പല ഫോണുകളും ലോക്ക് ചെയ്തിരിക്കുന്നതിനാൽ വിവരങ്ങൾ ശേഖരിക്കുന്നതിന് തടസമുണ്ട്. ചിലയിടങ്ങളിൽ ഫോൺ തിരിക കിട്ടാൻ വിദ്യാർത്ഥികൾ ബഹളം ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. മൊബെെൽ ഫോൺ പിടിച്ചാൽ സർവകലാശാല ചട്ടം അനുസരിച്ച് ഡീബാർ ചെയ്യാം. കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സർവകലാശാല റദ്ദാക്കിയിരുന്നു. അതേസമയം കോപ്പിയടി വിഷയത്തിൽ പൊലീസിൽ പരാതി നൽകണമോ എന്ന കാര്യത്തിൽ അടുത്ത സിൻഡികേറ്റ് യോഗത്തിൽ തീരുമാനമെടുക്കും. 

content highlights: BTEC Exam copying: 28 mobile phones seized