ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സൈഫുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; മറ്റൊരു ഭീകരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവന്‍ സൈഫുള്ള ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മറ്റൊരു ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു. തീവ്രവാദത്തിനെതിരായ വലിയ വിജയമാണിതെന്ന് പൊലീസ് പറഞ്ഞു.

രന്‍ഗ്രേത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണു സൈഫുള്ളയെ വധിച്ചത്. പ്രദേശത്തു തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു.

സമീപകാലത്തു നിരവധി ഭീകരാക്രമണം നടത്തിയ സൈഫുള്ളയെ സുരക്ഷാസേനകള്‍ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. മെയ് മാസത്തില്‍ റിയാസ് നിയിക്കൂ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈഫുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായത്.

Content Highlights: Hizbul Muhajideen chief commander Saifullah killed in encounter in Kashmir’s Rangreth