ബൊമാകോ: ഉത്തര ആഫ്രിക്കയിലെ മാലിയില്‍ വെള്ളിയാഴ്ച്ച നടന്ന ഫ്രഞ്ച് വ്യോമാക്രമണത്തില്‍ അമ്പതിലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുത്തതായും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി പറഞ്ഞു. മേഖലയില്‍ കലാപം തടയാന്‍ സര്‍ക്കാര്‍ സൈനികര്‍ പാടുപെടുകയാണെന്നും മന്ത്രി പറഞ്ഞു.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ 2014 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ രൂപവത്കരിച്ച സേനയായ ബാര്‍ഖെയ്ന്‍ സേനയാണ് അല്‍ഖ്വയ്ദ ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് ഒരു വലിയ മോട്ടോര്‍ സൈക്കിള്‍ വ്യൂഹം കണ്ടതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. നാല് തീവ്രവാദികളെ പിടികൂടിയതായും ഫ്രഞ്ച് സൈനിക വക്താവ് അറിയിച്ചു.
ഗ്രേറ്റര്‍ സഹാറയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും ഇപ്പോള്‍ 3,000 സൈനികരെ അണിനിരത്തി നടക്കുന്നുണ്ടെന്നും ബാര്‍ബ്രി അറിയിച്ചു. സ്ഫോടകവസ്തുക്കളും ചാവേര്‍ ആക്രമണത്തിനുള്ള കവചങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Over 50 Qaeda-Linked Terrorists Killed In Mali in French Airstrikes