അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോര് കനക്കുമ്പോൾ പുലിവാൽ പിടിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ. ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള മാപ്പ് ട്വിറ്ററിൽ പങ്ക് വെച്ചാണ് ഡൊണാൾഡ് ട്രംപ് ജൂനിയർ വിവാദത്തിലായിരിക്കുന്നത്. 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ തന്റെ പ്രവചനം എന്ന് പറഞ്ഞു കൊണ്ടാണ് ലോക രാജ്യങ്ങളുടെ ഭൂപടം ജൂനിയർ ട്രംപ് പങ്കു വെച്ചിരിക്കുന്നത്.
കൂടാതെ ഇന്ത്യ ചൈനയ്ക്ക് ഒപ്പം ട്രംപിനെ എതിർക്കുന്നവർക്കൊപ്പമാണെന്നും ട്വിറ്ററിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഭൂപടത്തിൽ വികലമായ തരത്തിലാണ് ട്രംപ് ജൂനിയർ ഇന്ത്യയെ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ അഭിവാജ്യഘടകമായ ജമ്മുകാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജൂനിയർ ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്ന ലോക രാജ്യങ്ങളുടെ ഭൂപടത്തിൽ രണ്ട് നിറങ്ങളായാണ് രാജ്യങ്ങളെ അടയാളപെടുത്തിയിരിക്കുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ നിറമായ നീലയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിറമായ ചുവപ്പുമാണവ. ചൈനയ്ക്കും റഷ്യക്കുമൊപ്പം ഇന്ത്യയേയും നീല നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മാപ്പിനൊപ്പം ജമ്മു കാശ്മീരിനെ മറ്റൊരു പ്രദേശമായും കാണിച്ചിരിക്കുന്നു എന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ജമ്മുകാശ്മീർ ട്രംപിനെ പിന്തുണയ്ക്കുമ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പമാണെന്നാണ് ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്.
Content Highlights; Donald Trump’s son tweets world map to predict dad’s victory