കോഴിക്കോട് ആറു വയസുകാരിക്ക് ക്രൂരപീഡനം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

6-year-old girl raped at Kozhikode 

കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കി. ക്വാറി ജീവനക്കാരായ നേപ്പാൾ സ്വദേശികളുടെ മകളാണ് ലെെംഗികാതിക്രമത്തിന് ഇരയായതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഉണ്ണികുളം പഞ്ചായത്തിലെ 15ാം വാർഡിൽ മാളൂർമ്മലുള്ള ക്വാറിയിൽ ജോലി ചെയ്യുന്ന കുടുബത്തിലെ കുട്ടിയാണ് അക്രമണത്തിന് ഇരയായത്. ക്വാറിയ്ക്കടുത്ത് തന്നെയാണ് കുടുംബം താമസിക്കുന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെ കുട്ടി പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടിലാണ് ഇവർ താമസിക്കുന്നത്.

ആറ് വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുള്ള രണ്ട് ആൺകുട്ടികളും ഇവർക്കുണ്ട്. സംഭവം നടന്ന ദിവസം രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് പുറത്തുപോകുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടിരുന്നതായും സമീപവാസികൾ പറയുന്നു. സംഭവത്തിൽ താമരശ്ശേരി ഡിവെെഎസ്പി പൃഥ്വിരാജ്, വടകര റൂറൽ എസ്പി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

content highlights: 6-year-old girl raped at Kozhikode