ബിലീവേഴ്സ് ചർച്ച് ബിഷപ്പ് കെ പി യോഹന്നാൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആണ് രാവിലെ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിലെ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സിൻ്റെ ഉത്തരവ് പ്രകാരമാണ് പരിശോധന. കേരളത്തിൽ നിന്ന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങിയ ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. ബിലീവേഴ്സ് ചർച്ച് ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.
ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവയുടെ മറവിൽ വിദേശ നാണയ ചട്ടം ലംഘിച്ച് രാജ്യത്തിന് പുറത്തുനിന്ന് സംഭാവനകൾ സ്വീകരിക്കുന്നതായും ഈ പണം ഉപയോഗിച്ച് വലിയ തോതിൽ ഭൂമി വാങ്ങിക്കുട്ടുന്നതായും തുടങ്ങി കെ. പി യോഹന്നാനെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ 2012ൽ സംസ്ഥാന സർക്കാർ കെ പി യോഹന്നാനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യോഹന്നാൻ സ്ഥാപിച്ച ഗോസ്പൽ ഫോർ ഏഷ്യയുടെ പേരിൽ ഏഴായിരം ഏക്കർ ഭൂമിയും ബിലീവേഴ്സ് ചർച്ചിൻ്റെ പേരിൽ പതിനായിരം ഏക്കർ ഭൂമിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
1990 മുതൽ 2011 വരെ 48 രാജ്യങ്ങളിൽ നിന്നായി രണ്ടു ട്രസ്റ്റുകൾക്കുമായി 1544 കോടി രൂപ ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19000 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയതായും പുറത്തുവന്നിരുന്നു. ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റിന് വേണ്ടി മാത്രം 1991 മുതൽ 2008 വരെ 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും 2002 മുതൽ 2008 വരെ ബിലീവേഴ്സ് ചർച്ചിന് 472,02,71,753 രൂപയും വിദേശത്ത് നിന്ന് ലഭിച്ചതായി കണക്കുകൾ പുറത്തുവന്നിരുന്നു. സേവനപ്രവർത്തനങ്ങൾക്ക് നൽകിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് യോഹന്നാൻ്റെ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക്തെിരെ അമേരിക്കയിൽ കേസ് വന്നിരുന്നു. ഒടുവിൽ 37 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിന് പുറമെ യോഹന്നാൻ സ്വന്തമായി സുവിശേഷ റേഡിയോയും ടെലിവിഷൻ ചാനലും നടത്തിവരുന്നുണ്ട്.
content highlights: income tax raid on KP Yohannan believer’s church and institutions