ശിവശങ്കര്‍ ദുരൂഹ ഇടപാടിന്റെ ഭാഗം; ലൈഫ് മിഷന്റെ രഹസ്യ വിവരങ്ങള്‍ സ്വപ്നക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെ ലൈഫ് മിഷന്‍ അഴിമതിയിലും പ്രതി ചേര്‍ക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ദുരൂഹ ഇടപാടിന്റെ ഭാഗമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമങ്ങളും ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ലൈഫ് മിഷന്‍ ഇടപാടിന്റെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയിരുന്നതായും ഇഡി പറഞ്ഞു.

വാട്‌സ് അപ്പ് ചാറ്റിലൂടെ രഹസ്യ വിവരങ്ങള്‍ സ്വപ്നക്ക് കൈമാറിയതായാണ് വിവരം. ലൈഫ് മിഷന്‍ വിവരങ്ങള്‍ക്ക് പുറമേ കെ ഫോണിന്റെ വിവരങ്ങളും ശിവശങ്കര്‍ സ്വപനയുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വിവരങ്ങള്‍ യൂണീടാക്കിന് നല്‍കാനായിരുന്നു കൈമാറിയതെന്നും ഇഡി വെളിപ്പെടുത്തി. യൂണിടാക്കില്‍ നിന്ന് പണം കൈപ്പറ്റിയ കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവി ഖാലിദുമായി ബന്ധമുണ്ടെന്ന കാര്യം ശിവശങ്കര്‍ നിഷേധിച്ചു. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് സംഘം.

അതേസമയം, ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ആറ് ദിവസം കൂടി നീട്ടി. ഈ മാസം 11നാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.

Content Highlight: Sivasankar handed over secret documents to Swapna Suresh