ലൈഫ് മിഷൻ പദ്ധതിയിലെ ഫയലുകൾ ആവശ്യപെട്ട കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേരളാ നിയമസഭാ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നൽകി. എൻഫോഴ്സ്മെന്റ് അസി. കമ്മീഷ്ണർക്കാണ് എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചത്. ലൈഫ് മിഷൻ പദ്ധതി ഫയലുകൾ ആവശ്യപെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സഭയുടെ അംഗീകാരം നേടിയ ഫയലുകൾ ആവശ്യപെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിയമസഭ സെക്രട്ടറി ആരോപിച്ചു.
നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണം. ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് വിഷയത്തിൽ എൻഫോഴ്സ്മെന്റിനോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപെട്ട മുഴുവൻ രേഖകളും ആവശ്യപെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്സ് കമ്മിറ്റിയോടുള്ള പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Content Highlights; Kerala legislative ethics committee issued notice to ed