ജുഡീഷ്യല്‍ കസ്റ്റഡിയിലും ഫോണ്‍ ഉപയോഗം; അര്‍ണാബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി

തലോജ: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ അര്‍ണാബ് സമൂഹ മാധ്യമങ്ങളില്‍ സജീവമാണെന്ന് കണ്ടതോടെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ അര്‍ണാബിനെ തലോജ ജയിലിലേക്ക് മാറ്റി.

അലിബാഗ് മുന്‍സിപ്പല്‍ സ്‌കൂളിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു അര്‍ണബിന്റെ ജുഡിഷ്യല്‍ കസ്റ്റഡി. മറ്റാരുടെയോ ഫോണിലൂടെയാണ് അര്‍ണാബ് സമൂഹമാധ്യമങ്ങളില്‍ പ്രവേശിച്ചത്. അര്‍ണബിന് ഫോണ്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

2018 ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക് ആത്മഹത്യ ചെയ്തതില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായിക്കിന്റെ ഭാര്യ അടുത്തിടെ നല്‍കിയ പുതിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് വീണ്ടും കേസെടുത്തത്.

Content Highlight: Arnab Go swami moved to Taloja Jail