തെരഞ്ഞെടുപ്പ് സീറ്റ് കുത്തകയായി വെക്കരുത്, പുതു മുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്നും തുടര്‍ച്ചയായി മത്സരിച്ചവര്‍ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതും അവസാനിപ്പിക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് കത്തും നല്‍കി. മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കുത്തകയായി വയ്ക്കുന്നവരെ കൂടി ഉന്നംവച്ചാണ് മാത്യു കുഴല്‍നാടന്റെ കത്ത്.

Content Highlight: Mathew Kuzhalnadan writes letter to KPCC President