ബിഗ് ബാസ്‌ക്കറ്റിലെ രണ്ട് കോടി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു; സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതം

ബെംഗളൂരു: ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ് ഫോമായ ബിഗ്ബാസ്‌ക്കറ്റിലെ രണ്ട് കോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപബോക്താക്കളുടെ വിവരങ്ങള്‍ 40,000 ഡോളറിലേറെ വിലയ്ക്ക് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ചോര്‍ന്നതായി സൈബര്‍ സുരക്ഷ ഏജന്‍സി വ്യക്തമാക്കി.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷ രഹസ്യാന്വേഷണ ഏജന്‍സിയായ സൈബിള്‍ ഇങ്കാണ് വിവരം പുറത്ത് വിട്ടത്. ഡേറ്റ ചോര്‍ച്ചയുണ്ടായവരുടെ പേര് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് സിറ്റി പൊലീസിന്റെ സൈബര്‍ സെല്ലില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. ക്രഡിറ്റ് കാര്‍ഡ് പോലുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നതാണ് ആശ്വാസം.

Content Highlight: Data breach at BigBasket; personal info of over 2 crore users up on dark web for sale