വോട്ടെണ്ണല്‍ ക്രമക്കേടില്‍ ഉറച്ച് മഹാസഖ്യം; ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ഉറച്ച് മഹാസഖ്യം. വോട്ടെണ്ണലില്‍ അട്ടിമറി നടക്കുന്നതായി ആര്‍ജെഡി ഇന്നലെ തന്നെ പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസും സമാന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

വോട്ടെണ്ണല്‍ അട്ടിമറിയുമായി ബന്ധപ്പെട്ട് പാട്‌ന ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനൊരുങ്ങുകയാണ് മഹാസഖ്യം. എന്നാല്‍ മഹാസഖ്യത്തിന്റെ ആരോപണം നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരസിച്ചിരുന്നു. എന്നാല്‍ വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് മഹാസഖ്യത്തിന്റെ ആരോപണം.

മൂന്ന് സീറ്റുകളില്‍ റീകൗണ്ടിങ് വേണമെന്നാവശ്യപ്പെട്ട് സിപിഐഎംഎല്ലും രംഗത്ത് വന്നിരുന്നു. വളരെ കുറഞ്ഞ മാര്‍ജിനിലാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പരാചയപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ചയുണ്ടെന്നുമാണ് പരാതി.

Content Highlight: Mahagathbandhan to approach Court on Vote Counting Fraud