ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രെെം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കുമാണ് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്രവാർത്ത വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വാർത്താ പോർട്ടലുകൾ, ഒടിടി പ്ലാറ്റ്ഫോം എന്നിവയെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കികൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
ഇതുവഴി ഓൺലെെൻ സിനിമകൾക്കും പരിപാടികൾക്കും സർക്കാരിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. സുശാന്ത് സിംങ്ങിൻ്റെ മരണമായി ബന്ധപ്പെട്ട് നിരവധി വാർത്താ പോർട്ടലുകൾക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താ പോർട്ടലികളെ നിയന്ത്രിക്കാൻ മാർഗം കണ്ടെത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇത്തരം പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുക, നിയന്ത്രിക്കുക എന്നതാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനം.
നിലവിൽ ഡിജിറ്റൽ കണ്ടൻ്റുകളെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. ഒടിടി സ്ട്രീമിങ്, വ്യത്യസ്ത ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലാതെ തന്നെ ചലചിത്ര നിർമ്മാതാക്കൾക്കും കലാകാരന്മാർക്കും അവരുടെ സിനിമകൾ പുറത്തിറക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതിൽ നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമം.
ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാധ്യമ സ്വാതന്ത്രത്തെ തടയുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നായിരുന്നു കഴിഞ്ഞ വർഷം മന്ത്രി പ്രാകാശ് ജാവദേക്കർ പറഞ്ഞത്.
content highlights: Online News Portals, Content Providers Now Under Government Regulation