50 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍; മാര്‍ച്ചില്‍ പ്രത്യേക ക്യാമ്പെയിന് തുടക്കം കുറിക്കാന്‍ യുപി

ലക്കനൗ: 2021 മാര്‍ച്ചില്‍ 50 ലക്ഷം യുവജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന ക്യാമ്പെയിന്‍ ആരംഭിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ജോഴില്‍ എന്നര്‍ത്ഥം വരുന്ന ‘മിഷന്‍ റോജര്‍’ എന്ന പദ്ധതി ദീപാവലിക്ക് ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയ്ക്ക് പുറമേ സര്‍ക്കാര്‍ വകുപ്പുകള്‍, കൗണ്‍സിലുകള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ജോലി ഉറപ്പു വരുത്തുന്നതാണ് പദ്ധതി.

സര്‍ക്കാര്‍ സര്‍ക്കാരിതര തൊഴില്‍ ദാനമാണ് മിഷന്‍ റോജറിന്റെ ലക്ഷ്യം. കൂടാതെ, ചെറുകിട, ഇടത്തര വ്യവസായങ്ങള്‍ക്കായി ബാങ്ക് ലോണും വകയിരുത്താന്‍ ആലോചിക്കുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സേഗാള്‍ പറഞ്ഞു. ഓരോ വകുപ്പിലെയും തൊഴില്‍ അവസരങ്ങളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഓരോ വകുപ്പിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കാനും ധാരണയായി.

അടിസ്ഥാന സൗകര്യ വികസന കമ്മീഷണര്‍ക്കാണ് മിഷന്‍ റോജറിന്റെ ചുമതല. കൂടാതെ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പ്രതിമാസ അടിസ്ഥാനത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ജില്ലാ മജിസ്‌ട്രേറ്റുകളുടെ നേതൃത്വത്തില്‍ ജില്ലാ അടിസ്ഥാനത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും.

ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ് ആന്റ് എംപ്ലോയ്മെന്റ് സ്വകാര്യ വ്യവസായങ്ങളുമായി സഹകരിച്ച് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുകയും തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ റിക്രൂട്ട്മെന്റ് കേസുകളും പരിഹരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Content Highlight: UP govt plans special campaign to give jobs to 50 lakh youths by March