സെെബർ സുരക്ഷയുടെ പേരിൽ നിരോധിച്ച ജനപ്രീയ ഗെയിം പബ്ജി തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട്. സുരക്ഷയും സ്വകാര്യതാ ആശങ്കകളും കുറയ്ക്കുന്നതിനായി പബ്ജി മൊബെെൽ ഇന്ത്യ എന്ന പേരിലായിരിക്കും പുതിയ ഗെയിം അവതരിപ്പിക്കുകയെന്ന് നിർമാതാക്കൾ അറിയിച്ചു. നിരോധിച്ച് രണ്ട് മാസത്തിന് ശേഷമാണ് പബ്ജിയുടെ തിരിച്ചുവരവ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് ഗെയിമിൻ്റെ ഇന്ത്യൻ പതിപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ എല്ലാ നിർദേശങ്ങളും പാലിക്കുമെന്നും ഗെയിം പ്ലേയിൽ ഇന്ത്യക്കായുള്ള മാറ്റങ്ങളുമുണ്ടായിരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കളിക്കാരുടെ ഡേറ്റ സുരക്ഷിതമായി കെെകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വിവരങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറേജ് സിസ്റ്റങ്ങളിൽ കമ്പനി പതിവായി ഓഡിറ്റിങും പരിശോധനകളും നടത്തും. ക്രാഫ്റ്റൺ എന്ന കമ്പനിയാണ് ഗെയിമിൻ്റെ ഇപ്പോഴത്തെ ഇന്ത്യയിലെ ഉടമ. പബ്ജി മൊബെെൽ ഇന്ത്യയിൽ വിതരണം നടത്തിവരുന്നത് ചെെനീസ് കമ്പനിയായ ടെൻസൻ്റ് ആണ്. നിരോധനം വന്നതോടെ ഇന്ത്യയിൽ ടെൻസൻ്റുമായുള്ള ബന്ധം ക്രാഫ്റ്റൺ അവസാനിപ്പിച്ചിരുന്നു
ഇന്ത്യയിലെ ഉപയോക്തക്കളുടെ ഡേറ്റ ടെൻസൻ്റിൻ്റെ ക്ലൌഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. ക്ലൌഡിൻ്റെ കാര്യത്തിൽ ഇപ്പോൾ ക്രാഫ്റ്റൺ മെെക്രോസോഫ്റ്റുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. മെെക്രോസോഫ്റ്റിൻ്റെ ആഷർ ക്ലൌഡിലായിരിക്കും തങ്ങൾ ഇന്ത്യക്കാരുടെ ഡേറ്റ സൂക്ഷിക്കുക എന്നാണ് ക്രാഫ്റ്റൺ സർക്കാരിനെ അറിയിക്കാൻ പോകുന്നത്. ഇന്ത്യൻ ഉപയോക്താക്കളുമായുള്ള ബന്ധം പൂർണമായി വിച്ഛേദിച്ചതിനാൽ ഇനി ഒരു പുതിയ സ്ലേറ്റുമായി എല്ലാം ആദ്യം മുതൽ തുടങ്ങാനാണ് കമ്പനിയുടെ ലക്ഷ്യം.
content highlights: PUBG Mobile is coming back to India