ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ഡിജിറ്റല്‍ സ്‌കൂളുമായി ദുബായ്

ദുബായ്: വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അംഗീകൃത ഡിജിറ്റല്‍ സ്‌കൂള്‍ വഴി വിദ്യാഭ്യാസം സാധ്യമാക്കാനൊരുങ്ങി ദുബായ്. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താമെങ്കിലും പഠന സാഹചര്യങ്ങളില്ലാത്ത കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. പ്രാരംഭ ഘട്ടമായ 2020 നംവബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ നാല് രാജ്യങ്ങളിലെ 20,000 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുക. ഹാര്‍വഡ്, സ്റ്റാന്‍ഫഡ്, ന്യൂയോര്‍ക്ക്, എഐടി സര്‍വ്വകലാശാലകളുടെ കൂടി സഹകരണത്തോടെയാണ് ഡിജിറ്റല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി. അഭയാര്‍ത്ഥി മേഖലകള്‍, പിന്നാക്ക രാജ്യങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നും 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍. കഴിവുകളുള്ള കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

2021 സെപ്തംബറിലാണ് സ്‌കൂളിലേക്ക് ഔദ്യോഗികമായി ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളെത്തുക. ആഴ്ച്ചയില്‍ മൂന്ന് വിര്‍ച്വല്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതിയില്‍ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തന ക്ഷമത, ഓരോ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വിഷയങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പ്രതികരണം എന്നിവയും വിലയിരുത്തും. കണക്ക്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ വെര്‍ച്വല്‍ ക്ലാസുകളൊരുക്കും.

വെര്‍ച്വല്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുമായും സഹപാഠികളുമായും സംവദിക്കാനുള്ള അവസരവും ലഭിക്കും. ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

Content Highlight: Sheikh Mohammed launches digital school for refugees, disadvantaged students