ഡിസംബർ മാസത്തോടെ ഇന്ത്യയിൽ 10 കോടി ഡോസ് കൊവിഡ് വാക്സിൻ എത്തിയേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനാവല്ല പറഞ്ഞു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ കുത്തിവെച്ചവരിൽ അനുകൂല പ്രതികരണം കണ്ടാൽ ഇന്ത്യയിൽ ഉടൻ തന്നെ വാക്സിന് അടിയന്തര അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ടും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെകയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിൻ ഇപ്പോൾ 2-3 ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. ഇന്ത്യയിലുടനീളമുളള 15 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കൽ പരീക്ഷണം നടത്തിവരുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓഫ് ഇന്ത്യയും ആസ്ട്രസെനെകയും ചേർന്ന് ആഗോളതലത്തിൽ 100 കോടി കൊവിഡ് വാക്സിൻ നിർമിക്കാനാണ് പദ്ധതിയിടുന്നത്. വിവിധ കമ്പനികളുമായി ചേർന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ട്രസെനെകയുടെ 4 കോടി ഡോസ് വാക്സിനാണ് ഉത്പാദിപ്പിച്ചത്. നോവാക്സിനുമായി ചേർന്നുള്ള നിർമാണവും ഉടൻ തന്നെ ആരംഭിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ വെല്ലുവിളി മുന്നിൽ കണ്ടുകൊണ്ടാണ് വാക്സിൻ്റെ നിർമാണം ആരംഭിച്ചതെന്നും എന്നാൽ ആസ്ട്രസെനെകയും നോവാക്സിനും ഒപ്പമുള്ള പ്രവർത്തനം അനുകൂല പ്രതികരണമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
content highlights: India To Get 100 Million Oxford Vaccine Shots By December: Adar Poonawalla