‘ഒരു തൂവല്‍ നഷ്ടപ്പെട്ടുവെന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല’: സിറാജിന്റെ രാജിക്ക് പിന്നാലെ പ്രതികരിച്ച് മഅ്ദനി

ബെംഗളൂരു: ഒരു തീവല്‍ നഷ്ടപ്പെട്ടെന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐഎന്എല്ലില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മഅ്ദനിയുടെ പ്രതികരണം. ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/Abdulnasirmaudany/posts/4660144990724041

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാതിരിക്കുകയും സംഘടനാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു പൂന്തുറ സിറാജ്. ഇരുപത്തി അഞ്ച് വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിച്ചു.

അതേസമയം, സംഘടന അച്ചടക്കത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി മഅ്ദനിയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Content Highlight: Maudany post after Poonthura Siraj leaving party