വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

Legendary Bengali actor Soumitra Chatterjee passes away

സത്യജിത്ത് റേയുടെ സിനിമകളിലൂടെ പ്രശസ്തനായ വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് മരണം. ചാരുലത അടക്കം സത്യജിത്ത് റേയുടെ 15 സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചാറ്റർജി 2006ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. പദ്മഭൂഷൺ ജേതാവാണ്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരവും സംഗീത് നാടക് അക്കാദമി ടാഗോർ രത്ന പുരസ്കാരവും ഫ്രഞ്ച് ഗവൺമെൻ്റ് പരമോന്നത ബഹുമതികളിലൊന്നായ ലീജിയൺ ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

സത്യജിത്ത് റേയുടെ വിഖ്യാത ചിത്രം അപൂർ സൻസാറിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി സിനിമയിൽ അരങ്ങേറിയത്. തുടർന്ന് ചാരുലത, തീൻ കന്യ, ദേബി, കാ പുരുഷ്, ആരണ്യേർ ദിൻ രാത്രി, ജോയ് ബാബ ഫേലുനാഥ്, സോനാർ കെല്ല, ആശാനി സങ്കേത്, ഖരേ ഭെെരേ, ഗണശത്രു തുടങ്ങിയ സത്യജിത്ത് റേ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപൂർണ ഷോഷ് എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചു. 

1935 ജനുവരി 19ന് ബ്രിട്ടീഷ് ഇന്ത്യയിലെ അവിഭക്ത ബംഗാൾ പ്രവിശ്വയിൽ കൃഷ്ണനഗറിലാണ് സൗമിത്ര ചാറ്റര്‍ജി  ജനിച്ചത്. ഹൌറ സില്ല സ്കൂളിലും കൽക്കട്ട സിറ്റി കോളേജിലും കൽക്കട്ട യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം നേടി. ഓള്‍ ഇന്ത്യ റേഡിയോയിലെ അനൗണ്‍സറായി പ്രവര്‍ത്തിക്കവേയാണ് അപൂര്‍ സന്‍സാറിലെ നായകനായി സൗമിത്ര ചാറ്റര്‍ജിയെ സത്യജിത്ത് തിരഞ്ഞെടുത്തത്.

content highlights: Legendary Bengali actor Soumitra Chatterjee passes away