നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ. വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചുവെന്നും വനിതയായിട്ട് പോലും ജഡ്ജി ഇടപെട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെയാണ് വിചാരണക്കോടതിയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റിയില്ലെങ്കിൽ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകുമെന്നും വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരു വിധത്തിലും ഒത്തുപോകാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ക്രോസ് വിസ്താരത്തിനെതിരെ നടിയെ അപമാനിക്കും വിധമുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടും അത് തടയാൻ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. അനേകം അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു. എട്ടാം പ്രതി ദീലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നിൽ വെച്ചാണ് പല ചോദ്യങ്ങൾക്കും മറുപടി കൊടുക്കേണ്ടിവന്നത്. ചില ചോദ്യങ്ങൾക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയപ്പോഴും ഇത് തടയാൻ കോടതി തയ്യാറായില്ലെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
കോടതിയിൽ പല തവണ കരയേണ്ട സാഹചര്യം തനിക്കുണ്ടായെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതി കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിചാരണകോടതി മാറ്റണം. അതേ സമയം കേസിൻ്റെ വിചാരണ ഒരു വനിത ജഡ്ജിക്ക് തന്നെ നൽകണമെന്നില്ലെന്നും മറ്റേതെങ്കിലും കോടതിയിലേക്ക് കെെമാറിയാൽ മതിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിൻ്റെ വിചാരണയ്ക്കുള്ള സ്റ്റേ ഹെെക്കോടതി വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.
content highlights: Actress molestation case Kerala: Allegations against the court