മദ്രസ വിദ്യാർത്ഥികളുടെ മുഖമക്കന കറുപ്പിന് പകരം വെളുത്തതാക്കാൻ ബാലാവകാശ കമ്മീഷൻ്റെ നിർദ്ദേശം

മദ്രസ വിദ്യാർത്ഥികൾ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന നിർദേശവുമായി ബാലാവകാശ കമ്മീഷൻ. വെളിച്ചകുറവുള്ള സമയങ്ങളിൽ വിദ്യാർത്ഥികൾ കറുത്ത മക്കനയും പർദ്ദയും ധരിച്ച് റോഡിലൂടെ നടക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് ഇവരെ കാണാൻ കഴിയുന്നില്ലെന്നും ഇത് അപകടങ്ങളുണ്ടാക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞു. അതിരാവിലെയും ഇരുളുന്ന സമയത്തും മദ്രസകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തുപോകുന്നവർ ഈക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. 

വാഹനമോടിക്കുന്നവർക്ക് വ്യക്തമായി കാണാവുന്ന വെളുത്ത നിറത്തിലുള്ള മക്കന ധരിക്കണമെന്ന പട്ടാമ്പി ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ മദ്രസ അധ്യാപകർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് ശരിവെച്ചാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയത്. കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇത് ആവശ്യമാണെന്ന് കാട്ടി റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. മക്കന വെളുത്തത് ധരിക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് മുഖാന്തരവും മറ്റ് സുരക്ഷ ക്സാസുകളിലൂടെയും പ്രചാരണം നടത്താനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ മദ്രസകളും സ്ഥാപനങ്ങളും നിർദേശം കൃത്യമായി നടപ്പാക്കാൻ  ഇടപെടണമെന്ന് കമ്മീഷൻ അംഗങ്ങളായ കെ. നസീർ, സി വിജയകുമാർ എന്നിവർ കേരള വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടും നിർദ്ദേശിച്ചു.  

content highlights: Madrasa Student’s Makana Should be White instead of Black says Child Rights Commission